പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ അനധികൃത മത്സ്യക്കച്ചവടം നിറുത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച പാവറട്ടി പഞ്ചായത്ത് മത്സ്യ മാർക്കറ്റ് ശോചനീയാവസ്ഥയിലാണ്. ഇരുനില കെട്ടിടത്തിൽ 14 മുറികളിലായാണ് മത്സ്യക്കച്ചവടം നടന്നിരുന്നത്. വലിയ വാടക നൽകി മത്സ്യക്കച്ചവടം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികൾ പഞ്ചായത്തിന്റെ നിബന്ധനകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കച്ചവടം നടത്തിയിരുന്നത്. അതുപ്രകാരം പഞ്ചായത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തെരുവോരങ്ങളിലും മത്സ്യക്കച്ചവടം പാടില്ല എന്ന് വർഷങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തിരുന്നു. ഇതേതുടർന്നാണ് തൊഴിലാളികൾ വലിയ വാടക നൽകി മത്സ്യക്കച്ചവടം നടത്തിയിരുന്നത്. എന്നാൽ ഭരണസമിതികൾ മാറി വന്നതിനെത്തുടർന്ന് പഴയ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുകയും തെരുവോരങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും മത്സ്യ വിപണനം നടത്താൻ പഞ്ചായത്ത് തന്നെ അനുവാദം കൊടുക്കുകയുമായിരുന്നു. ഇതുമൂലം വലിയ വാടക നൽകി കച്ചവടം നടത്തിയിരുന്നവർ വാടക നൽകാതെയായി. നിലവിൽ നാല് മുറികൾ മാത്രമാണ് കച്ചവടം നടത്തുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം പഞ്ചായത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല മത്സ്യക്കച്ചവടകാർക്ക് ആവശ്യമായ വെള്ളം, ശുചിമുറി എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ല. മാലിന്യങ്ങൾ ഒഴുകി പോകുന്നതിനോ സംസ്‌കരിക്കുന്നതിനോ സംവിധാനമില്ല. അസഹ്യമായ ദുർഗന്ധം മൂലം മത്സ്യമാർക്കറ്റിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.
മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് അനധികൃത മത്സ്യക്കച്ചവടക്കാരെ ഒഴിവാക്കണം.
-പി.വി. ഹനീഫ
(ബ്ലോക്ക് സെക്രട്ടറി,
മത്സ്യത്തൊഴിലാളി സംഘടന)