പാവറട്ടി: അപൂർവയിനം വൃക്ഷങ്ങൾ വളർത്തി പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ക്ഷേത്രം തന്ത്രി. 38 വർഷമായി അറുപതിലേറെ വ്യത്യസ്തവും അപൂർവവുമായ മരങ്ങൾ സംരക്ഷിച്ചുവരികയാണ് എളവള്ളി സ്വദേശി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി. വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറോളം വിസ്തൃതിയുള്ള പറമ്പിലാണ് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്.1984 ജൂൺ 5 ന് പരിസ്ഥിതി ദിനത്തിലാണ് ആദ്യമായി മരം നട്ടത്. എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ പരിസ്ഥിതി ദിനത്തിന് അദ്ധ്യാപകർ നൽകിയ തേക്കിൻതൈ ആണ് അച്ഛന്റെ നിർദേശപ്രകാരം വീടിന് പുറകിൽ ആദ്യം നട്ടത്. തേക്ക്, വീട്ടി, മഹാഗണി, രക്തചന്ദനം, നീർമാതളം, രുദ്രാക്ഷമരം, മാങ്കോസ്റ്റിൻ, ഇറാനിയൻ അത്തി, ലക്ഷ്മി തരു, ഗ്രാമ്പു, നക്ഷത്രപ്പഴം, ഇലഞ്ഞി, കടമ്പ്, ഞാവൽ, അശോകം, കരിമരം, നെല്ലി തുടങ്ങി അറുപതോളം വൃക്ഷങ്ങളാണ് സ്വന്തം വീടിനു ചുറ്റുമുള്ളത്. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വേറെയുമുണ്ട്. 2022 പരിസ്ഥിതി ദിനത്തിൽ വീട്ടുവളപ്പിൽ നട്ടത് ഇലന്തമരത്തിന്റെ തൈ ആണ്. അങ്കമാലിയിലെ തന്ത്രി സമാജത്തിന്റെ ആസ്ഥാന മന്ദിരത്തിലും തൃശൂർ ബ്രഹ്മസ്വം മഠത്തിലും തിരുമേനി വൃക്ഷ തൈകൾ നട്ടുപിടിക്കാൻ നേതൃത്വം നൽകി. വിവിധ ക്ഷേത്രങ്ങളിൽ നവീകരണ കലശത്തിന്റെ ഓർമ്മയ്ക്കായി ക്ഷേത്രം ഭാരവാഹികളോട് വൃക്ഷ തൈകൾ ക്ഷേത്രവളപ്പിൽ നിർദേശം നൽകുക പതിവാണ്. വർഷങ്ങൾ പിന്നിട്ടിട്ടും കേട് വന്നതും പഴക്കം ചെന്നതുമായ മരങ്ങളുടെ കൊമ്പുകൾ മുറിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ക്ഷേത്രവിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും മാത്രമല്ല പരിസ്ഥിതിയുടെ കൂടി കാവലാളാവുകയാണ് പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി.

മനുഷ്യരെപ്പോലെ മരങ്ങളും സ്വാഭാവികമായി വളരട്ടെയെന്ന ചിന്തയാണ് വർഷങ്ങളായി മുടങ്ങാതെ വൃക്ഷ ത്തൈനടാൻ പ്രചോദനം. എല്ലാ പരിസ്ഥിതി ദിനത്തിലും മറക്കാതെ വൃക്ഷത്തൈകൾ നടുക പതിവായി. അപൂർവയിനം വൃക്ഷതൈകൾ ശേഖരിച്ച് വീട്ടുവളപ്പിൽ നട്ടു പരിപാലിക്കുന്നു.
-പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി.