 
തൃശൂർ: ശക്തൻ നഗറിൽ തൃശൂർ കോർപറേഷൻ നിർമ്മിക്കുന്ന ആകാശ നടപ്പാതയുടെ രണ്ടാം ഘട്ടം നിർമ്മാണം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ അറിയിച്ചു.
എം.ഒ റോഡിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി ഗതാഗതം അനുവദിക്കും. ശക്തൻ നഗറിൽ നിന്നും മുനിസിപ്പൽ ഓഫീസ്, വെളിയന്നൂർ എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അനുവദിക്കുകയില്ല. ശക്തൻ നഗറിൽ ഇക്കണ്ടവാര്യർ ജംഗ്ഷനിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്കു് ഗതാഗതം അനുവദിക്കും.
പാലക്കാട്, മണ്ണുത്തി, കുട്ടനെല്ലൂർ, വലക്കാവ് എന്നിവിടങ്ങളിൽ നിന്നും ശക്തൻ സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സാധാരണ രീതിയിൽ സർവീസ് നടത്താം. ശക്തൻ സ്റ്റാൻഡിൽ നിന്നും പാലക്കാട്, മണ്ണുത്തി, കുട്ടനെല്ലൂർ, വലക്കാവ് ഭാഗത്തേക്ക് പോകുന്ന ബസുകൾ കാട്ടുക്കാരൻ ജംഗ്ഷൻ വഴി ബിഷപ്പ് ആലപ്പാട്ട് റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമ നഗറിലെത്തി സർവീസ് നടത്തണം.
അയ്യന്തോൾ ഭാഗത്തേക്ക് പോകുന്ന ബസുകൾ ശക്തൻ സൗത്ത് റിംഗ് കൊക്കാല വഴി സർവീസ് നടത്തണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് സാധാരണ രീതിയിൽ സർവീസ് നടത്താം.