ചേലക്കര: മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിലെ മോസ്‌കോയിൽ വച്ച് മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. എളനാട് കിഴക്കുമുറി പുത്തൻപുരയ്ക്കൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് (24) മരിച്ചത്. എം.ബി.ബി.എസ് പഠനം പൂർത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്ര പോയതിനിടെ വെള്ളത്തിൽ വീണ് അപകടം ഉണ്ടായെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
എന്നാൽ കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ഫെമി നാട്ടിൽ വന്നിട്ട് മടങ്ങിയത്. അടുത്തമാസം കുടുംബം റഷ്യയിലേക്ക് പോയി മകളെയും കൂട്ടി വരാനിരിക്കെയാണ് അപകടവിവരം അറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. വരുൺ സഹോദരനാണ്.