1
മോഷണം നടന്ന കടകളിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുന്നു.

കുന്നംകുളം: നഗരത്തിലെ അരി മാർക്കറ്റിനുള്ളിൽ മോഷണം നടന്ന കടകളിൽ തൃശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരുടെ സംഘം പരിശോധന നടത്തി. ഫിംഗർ പ്രിന്റ് വിദഗ്ദ്ധനായ രാംദാസ്, ഉദ്യോഗസ്ഥനായ സനീഷ്, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ: മണികണ്ഠൻ, ബസന്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 10ന് പുലർച്ചെയാണ് കുന്നംകുളം അരി മാർക്കറ്റിനുള്ളിലെ ബൈജു ആർക്കേഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ നാല് കടയിൽ മോഷണം നടന്നത്. 13000 ത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു. പഴഞ്ഞി സ്വദേശി ഷിജിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സെന്ററിൽ നിന്നും പന്ത്രണ്ടായിരത്തിലധികം രൂപയും കുന്നംകുളം കക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാർമൽ എന്ന കളിപ്പാട്ട വിൽപ്പന കടയിൽ നിന്നും 500 രൂപയും കേച്ചേരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മാഡ്രിഡ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ജോഡി ഡ്രസുമാണ് നഷ്ടപ്പെട്ടത്. പഴഞ്ഞി സ്വദേശി സാധിക്കിന്റെ ഉടമസ്ഥതയിലുള്ള വെഡ് ലോക്ക് എന്ന സ്ഥാപനത്തിൽ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വ്യാപാരികളെത്തി രാവിലെ കട തുറക്കാൻ നോക്കിയപ്പോഴാണ് പൂട്ടു പൊട്ടിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സാധനങ്ങളും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മാഡ്രിഡ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ കടയുടെ മുമ്പിലെ ഗ്ലാസ് ഡോറും കള്ളൻ അടിച്ചു തകർത്തിരുന്നു. പ്രതിയുടെതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അന്ന് തന്നെ പൊലീസിന് ലഭിച്ചു.