liver-meeting
ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ചാരിറ്റബിൽ ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗം എസ്.എൻ.ജി ഹാളിൽ നടന്നു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും ഇതിനായി ഊഴം കാത്തിരിക്കുന്നവർക്കും ട്രസ്റ്റിന്റെ പ്രവർത്തനം ഏറെ ആശ്വാസമാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി സർക്കാരും ഇതര പ്രസ്ഥാനങ്ങളും ഇന്ന് നിരവധി ഫണ്ടുകൾ ചെലവഴിക്കുന്നുണ്ട്. ഇതെല്ലാം യഥാസമയം കണ്ടെത്തുന്നതിന് സംഘടനാപ്രവർത്തനം മൂലം സാദ്ധ്യമാകും. എം.എൽ.എ തുടർന്ന് പറഞ്ഞു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 വയസിനു താഴെയുള്ള 15 കുട്ടികൾക്കുള്ള സാമ്പത്തിക സഹായം വിതരണം എം.എൽ.എ നിർവഹിച്ചു.
ട്രസ്റ്റ് ചെയർമാൻ മാത്യു ഫിലിപ്പ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ സംഘടനയുടെ പതാക കൈമാറി. രക്ഷാധികാരി ഫാ.ലിജു രാജു താമരക്കുടി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വി.ജെ. ജോജി, പി.എ. സത്യൻ, മുഹമ്മദ് ബഷീർ, ഡോ.പ്രതാപ് കുമാർ, ഗോപീകൃഷ്ണൻ, എം.രാജേഷ്‌കുമാർ, അഡ്വ.ഡി. ഭൂവനേന്ദ്രകുമാർ, പി.മോഹനചന്ദ്രൻ, അരവിന്ദൻ നെല്ലുവായ്, സുകുമാരി അമ്മ, ജില്ലാ പ്രസിഡന്റ് ദിലീപ് ഖാദി, വിക്ടർ ഡേവിസ് എന്നിവർ പ്രസംഗിച്ചു.