തൃശൂർ: നല്ല സ്‌നേഹക്കൂറുള്ള കർഷക ഹൃദയങ്ങളിൽ ആണ് മുൻ കാർഷിക സർവകലാശാല വൈസ് ചാൻസലർ കെ.വി. പീറ്ററിന്റെ സ്ഥാനമെന്ന് തൃശൂർ സത്‌സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു. ലോകത്തിൽ ഉന്നതമായ സ്ഥാനങ്ങളിലേക്ക് ക്ഷണം ലഭിച്ചപ്പോഴും ഇന്ത്യയുടെ മണ്ണ് വിട്ടുപോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സാധാരണ വീട്ടമ്മമാർക്ക് ആവശ്യമുള്ള പയർ,ചീര, മുളക്, ഉരുളക്കിഴങ്ങ്, തണ്ണി മത്തൻ എന്നിവയിലെ രോഗാണുബാധ പ്രതിരോധിച്ച് കാർഷിക വിളകൾ വർദ്ധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീവ്രശ്രമം. മണ്ണിലും ലൈബ്രറിയിലും സ്ഥിരവാസമാക്കിയ ഈ ഗവേഷകന് തൃശൂരിൽ ഉചിതമായ സ്മാരകം സജ്ജമാക്കേണ്ടത് തൃശൂർ കോർപറേഷന്റെയും കാർഷിക സർവകലാശാലയുടെയും ഉത്തരവാദിത്വമാണെന്ന് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ഓർമ്മിപ്പിച്ചു.