sitharam-yechuri

തൃശൂർ: കേന്ദ്രസർക്കാരിന്റെ കുത്തകവത്കരണത്തിൽ മാറ്റമുണ്ടാക്കാൻ ജനകീയ സമരങ്ങൾക്കും തൊഴിലാളി പണിമുടക്കിനും കഴിയുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇ.എം.എസ് സ്മൃതിയിൽ 'നവ ഉദാരവത്കരണത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ: പ്രതിരോധവും കേരള ബദലുകളും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ഈ കേന്ദ്ര സർക്കാരിന്റെ കാലത്ത് 76 ശതമാനം യു.എ.പി.എ കേസുകളുടെ വർദ്ധനയാണുണ്ടായത്. യു.എ.പി.എ കേസുകൾ ആയുധമാക്കുകയാണ്. ആർ.എസ്.എസിന്റെ ഹൈന്ദവരാഷ്ട്ര പ്രത്യയശാസ്ത്രവും ഭരണകൂടവും നിലനിൽക്കുന്നതാണ് ലാഭകരമെന്ന് ഉദാരീകരണ ശക്തികൾ തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം ശക്തികളുടെ പിന്തുണയോടെയാണ് സർക്കാർ നിലകൊള്ളുന്നത്. ഫെഡറൽ സംവിധാനം തകർത്താണ് ബി.ജെ.പി സർക്കാർ അജൻഡ നടപ്പാക്കുന്നത്. ഇത്തരം സമീപനങ്ങളെ ചെറുക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. തച്ചുതകർക്കൽ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ ബദൽ കൂടുതൽ ശക്തിപ്പെടണമെന്നും യെച്ചൂരി പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, എം.എൽ.എമാരായ മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് എന്നിവർ പങ്കെടുത്തു. ഏഴ് സെഷനുകളിലായി സെമിനാറുകൾ നടക്കും.