dead-body

തൃശൂർ / വടക്കാഞ്ചേരി: സംസ്‌കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ സംഭവത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് തിരിച്ചെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് യൂസഫിന് പരിക്കേറ്റത്. തുടർന്ന് ഓർത്തോ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. അർദ്ധരാത്രിയിൽ മരണമുണ്ടായിട്ടും പിറ്റേന്ന് ഉച്ചയോടെയാണ് പൊലീസിനെ രേഖാമൂലം വിവരമറിയിച്ചത്. പൊലീസാണ് പോസ്റ്റ്‌മോർട്ടം വേണമെന്ന് ബന്ധുക്കളെ അറിയിച്ചത്.

സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോർജ്ജ് റിപ്പോർട്ട് തേടിയിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.