 
കയ്പമംഗലം: 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിക്കാനാണ് ഈ സാമ്പത്തിക വർഷം ലക്ഷ്യം വയ്ക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മതിലകം ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉത്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനശേഷി 173 മെഗാവാട്ടായി വർദ്ധിപ്പിക്കാനും ജലവൈദ്യുത പദ്ധതികളിൽ നിന്ന് 18.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി ഡയറക്ടർ സി. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ അഡ്വ. വി. മുരുകദാസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ശാർങ്ങാധരൻ, ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽരാജ്, സെൻട്രൽ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ ജെയിംസ് ജോർജ്ജ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.