 
അഡാപ്റ്റീവ് നോയിസ് കാൻസലേഷൻ സിസ്റ്റം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച വിദ്യാർത്ഥികൾ.
കൊടകര: പല്ല് സംരക്ഷണത്തിനായി ദന്താശുപത്രിയിൽ ചെന്നവർക്കറിയാം ചികിത്സയ്ക്കിടെ പല്ല് തുരക്കുന്ന ഡ്രില്ലിന്റേയും മോട്ടോറിന്റേയുമൊക്കെ അസഹനീയമായ ശബ്ദം. കുറച്ചുനേരം തുടർച്ചയായി ഈ ശബ്ദം കേൾക്കുമ്പോഴേക്കും രോഗികൾ അസ്വസ്ഥരാകുന്നു. ഡോക്ടർക്ക് രോഗിയുമായി എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഈ ഉപകരണങ്ങളുടെ പ്രവർത്തനം നിറുത്തേണ്ടിവരുന്നു. ഈ ശബ്ദം വളരെ കുറയ്ക്കുന്നതിനും മനുഷ്യ ശബ്ദം നല്ല രീതിയിൽ കേൾക്കുന്നതിനും പറ്റിയ ഹെഡ്‌സെറ്റ് കണ്ട് പിടിച്ചിരിക്കുകയാണ് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ.
സഹൃദയയിലെ അവസാനവർഷ ബയോമെഡിക്കൽ എൻജിനിയറിംഗ് വിഭാഗം വിദ്യാർത്ഥികളായ എയ്ഞ്ചൽ റോസ് ചക്ക്യേത്ത്, പി.എസ്. അമർനാഥ്, ആൽഫിൻ ജോസഫ്, മിൻഷാ സക്കറിയ എന്നിവർ ഡോ. വി. യുവരാജിന്റെ നേതൃത്വത്തിലാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നടന്ന സമ്മർ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനവും ഫിസാറ്റ് അങ്കമാലിയിലെ ടെത്തോണിൽ രണ്ടാം സ്ഥാനവും തൃശൂർ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ നടന്ന സൃഷ്ടി 2022ൽ മൂന്നാം സ്ഥാനവും ഈ പ്രൊജക്ട് നേടിയിട്ടുണ്ട്.
ശബ്ദ തീവ്രത കുറയ്ക്കും
അഡാപ്റ്റീവ് നോയിസ് കാൻസലേഷൻ സിസ്റ്റം എന്ന ഹെഡ്‌സെറ്റ് ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ തീവ്രത വളരെ കുറച്ച് രോഗിക്ക് മനുഷ്യന്റെ ശബ്ദം മാത്രം കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടിൻസി 4.1 മൈക്രോ കൺട്രോളർ, ഓഡിയോ ഷീൽഡ്, മൈക്ക്, പ്രത്യേകമായി വികസിപ്പിച്ച സിഗ്‌നൽ പ്രൊസസിംഗ് അൽഗോരിതം തുടങ്ങിയവയാണ് അഡാപ്റ്റീവ് നോയിസ് കാൻസലേഷൻ സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ. യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ വളരെ ശബ്ദം കൂടിയ ഫാക്ടറികളിലും കമ്പനികളിലും ജീവനക്കാർ ആശയ വിനിമയം നടത്താൻ സാധിക്കുന്ന വിധത്തിൽ ഈ ഉപകരണം രൂപ മാറ്റം വരുത്തി ഉപയോഗിക്കാനും പദ്ധതിയുണ്ട്.