ചാലക്കുടി: ജനങ്ങളെ ദുരിതത്തിലാക്കി ചാലക്കുടിയിലെ അടിപ്പാത നിർമ്മാണം. ആറ് വർഷം പിന്നിടുമ്പോൾ ഇതുവരെ നടന്ന പ്രവൃത്തികൾ ഇരുപത് ശതമാനത്തിൽ താഴെ മാത്രം. 24. കോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടക്കമിട്ട പദ്ധതി പൂർത്തീകരിക്കണമെങ്കിൽ എത്ര തുക അധികം വേണ്ടിവരുമെന്ന് കണ്ടറിയണം. ഇതിനകം നിർമ്മാണ പ്രവൃത്തികൾ പലവട്ടം സ്തംഭിച്ചു. ഏതെങ്കിലും പ്രക്ഷോഭങ്ങളുണ്ടായാൽ അതിനെ മറികടക്കാൻ തൊട്ടടുത്ത ദിവസം അഞ്ചോ പത്തോ തൊഴിലാളികളെ എത്തിച്ച് ചില്ലറപ്പണികൾ നടത്തും. വീണ്ടും പഴയ അവസ്ഥയിലാകും. ഏറ്റവും ഒടുവിലെ കരാർ കമ്പനിയുടെ ഉറപ്പാണ് വീണ്ടും മുടന്തുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച പ്രക്ഷോഭത്തെ മറികടത്താൻ യു.ഡി.എഫ് മിന്നൽ വേഗത്തിൽ ദേശീയപാത ഉപരോധിക്കൽ സമരം നടത്തി. തുടർന്ന് എം.എൽ.എ സനീഷ് കുമാർ, കരാർ കമ്പനിയുമായി ചർച്ച നടത്തിയെന്നും ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉറപ്പ് വരുത്തിയെന്നും അറിയിച്ചു. ഈ ഉറപ്പാണ് പാലിക്കപ്പെടില്ലെന്ന്് വീണ്ടും ബോദ്ധ്യമാകുന്നത്. കരാർക്കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഉപകരാറുകാരും തമ്മിലുളള നിരന്തര തർക്കങ്ങളാണ് സുഗമമായ നിർമാണത്തിന് തടസമാകുന്നത്. എറണാകുളത്തെ യൂണിക് എന്ന പുതിയ കമ്പനിക്ക് കരാർ മാറ്റി നൽകി. എന്നാൽ ഇതുവരെ നടത്തിയ നിർമ്മാണ പ്രവൃത്തികൾക്ക് കാര്യമായ പണവും നൽകിയില്ല. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കോടതി ജംഗ്ഷനിൽ രണ്ടുവരിപ്പാതയിലെ ഗതാഗതം ഒറ്റവരിയാക്കിയതോടെ വൻ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിക്കഴിഞ്ഞു. 19 പേരാണ് ഇവിടെ നടന്ന അപകടങ്ങളിൽ ഇതുവരെ മരണപ്പെട്ടത്. തർക്കങ്ങൾ പരിഹരിച്ച് അടിപ്പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തുടങ്ങിയത് 2013 ൽ
2013 ലാണ് അന്നത്തെ മന്ത്രി കെ. ബാബു, ദേശീയപാതയിലെ കോടതി ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തിയത്. അന്ന് എം.പിയായിരുന്ന കെ.പി. ധനപാലൻ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ എന്നിവരും ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. എന്നാൽ എൻ.എച്ച്.ഐ.എയുടെ അനുമതിയും എസ്റ്റിമേറ്റും ഒന്നുമില്ലാതിരുന്ന പ്രവർത്തനങ്ങൾ പ്രഹസനമായി മാറി. പിന്നീട് 2018 ൽ മന്ത്രി ജി.സുധാകരൻ നിർമ്മാണ ഉദ്ഘാടനം നടത്തിയ പ്രവൃത്തികളാണ് ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നത്.