
തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ 40 വർഷമായി കണ്ടുവരുന്ന വൃശ്ചികക്കാറ്റിന് വേഗം കുറയുന്നെന്ന് പഠനം. അച്യുതമേനോൻ ഗവ.കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് അദ്ധ്യാപകൻ ഡോ.ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്, ഫാറൂഖ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായി വിരമിച്ച ഡോ.പി.അനിൽകുമാർ, കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന കേന്ദ്രം ഗവേഷകനായിരുന്ന ഡോ.ഗോപകുമാർ ചോലയിൽ എന്നിവരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
പഠനം കഴിഞ്ഞ ഏപ്രിൽ മാസം ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ മൗസം ജേണലിൽ പ്രസിദ്ധീകരിച്ചു. വാളയാർ ചുരം കടന്നുവരുന്ന കാറ്റിനാണ് സമീപകാലത്തായി വേഗം കുറഞ്ഞത്. എന്നാൽ ദിശയിൽ മാറ്റമില്ലെന്നും പഠനം സൂചിപ്പിക്കുന്നു. രണ്ട് പതിറ്റാണ്ടിലെ സ്ഥിതിവിവര കണക്ക് വച്ചാണ് പഠനം. ഒരു വർഷത്തെ വിവിധ സീസണുകളിലെ ഓരോ ദിവസത്തെയും കാറ്റിന്റെ ദിശ പഠിച്ചു. ഇതുപ്രകാരം വേഗത്തിൽ വ്യത്യാസമുണ്ടെങ്കിലും ദിശയിൽ കാര്യമായ മാറ്റമില്ല. ബേൺസ്റ്റീൻ പോളിനോമിയൽ രീതി അനുസരിച്ചായിരുന്നു പഠനം. ആഗോള താപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനമാണ് കാറ്റിന്റെ വേഗതയെയും ബാധിച്ചതെന്നാണ് അനുമാനം.
ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത പ്രതിഭാസമാണ് മദ്ധ്യ കേരളത്തിൽ കാണുന്ന വൃശ്ചികക്കാറ്റ്.
കാർഷിക വിളകൾക്ക് നല്ലത്
കാർഷിക വിളകൾക്ക് ഈ മാറ്റം നല്ലതാണെന്നാണ് വിശദീകരണം. മാവ്, പ്‌ളാവ്, നെല്ല് തുടങ്ങിയവയുടെ പരാഗണത്തെ ശക്തമായ കാറ്റ് ബാധിക്കാറുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞത് ഈ ദോഷങ്ങളെ ഇല്ലാതാക്കുന്നു. ശക്തമായ കാറ്റ് മൂലമുള്ള ബാഷ്പീകരണം ഇതുമൂലം ഇല്ലാതാകും. ബാഷ്പീകരണം കൂടിയാൽ ജലാശയങ്ങൾ എളുപ്പം വറ്റും. ജലക്ഷാമവും ഉണ്ടാവും.
മഴയുടെ അളവ്, താപനില, കാറ്റിന്റെ വേഗം എന്നിവയെപ്പറ്റി നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കാറ്റിന്റെ ദിശയെപ്പറ്റിയുള്ള പഠനം വിരളമാണ്.
ഡോ.ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്