
തൃശൂർ: ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച കുമരനെല്ലൂർ ഒന്നാംകല്ല് പട്ടിശേരി യൂസഫിന്റെ (46) മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ.പി.ജെ.ജേക്കബിനെ സസ്‌പെൻഡ് ചെയ്തു.
സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപം നടന്നതായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. രോഗിയുടെ ചികിത്സാരേഖ തയ്യാറാക്കിയതിലും നടപടിക്രമം പാലിക്കുന്നതിലും ഡോക്ടർമാർക്ക് ജാഗ്രതക്കുറവുണ്ടായെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ 8ന് കാഞ്ഞിരക്കോട് സെന്ററിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യൂസഫിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചതേയില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ആക്ഷേപം. ബൈക്കിൽ നിന്നും തെന്നിവീണ് പരിക്കേറ്റെന്നാണ് യൂസഫിനെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. ഇക്കാര്യം കേസ് ഷീറ്റിൽ രേഖപ്പെടുത്തിയെങ്കിലും പൊലീസിനെ അറിയിക്കുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു. അതേസമയം, ഡ്യൂട്ടി ഡോക്ടർക്കെതിരെ നടപടിയെടുത്തില്ല.