ഗവ. സ്‌കൂളുകൾക്ക് എം.എൽ.എമാർ അനുവദിച്ച ബസുകൾ ഷെഡ്ഡുകളിൽ വിശ്രമത്തിൽ

ഇരിങ്ങാലക്കുട: സാമ്പത്തിക പ്രതിസന്ധിമൂലം എം.എൽ.എമാർ ഗവ. സ്‌കൂളുകൾക്ക് അനുവദിച്ച ബസുകൾ നിരത്തിലിറക്കാനാകാതെ അധികൃതർ പ്രതിസന്ധിയിൽ. കൊവിഡ് മൂലമുണ്ടായ കഴിഞ്ഞ രണ്ട് വർഷത്തെ അടച്ചിടലാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്. പുതിയ അദ്ധ്യയനവർഷം ആരംഭിച്ചെങ്കിലും ഇൻഷ്വറൻസ്, ടാക്‌സ്, വണ്ടികളുടെ അറ്റകുറ്റപ്പണി എന്നിവ നടത്തി പെയിന്റിംഗ് കഴിച്ച് ബസ് പുറത്തിറക്കാൻ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സ്‌കൂൾ അധികൃതർക്ക് വരുന്നത്.

ഇൻഷ്വറൻസ്, ടാക്‌സ് എന്നിവയ്ക്കായി 1.30 ലക്ഷം രൂപയും മറ്റ് അറ്റകുറ്റപണികൾക്ക് വേറേയും തുക കണ്ടെത്തേണ്ട അവസ്ഥയാണ്. ബസ് ഓടിക്കുന്ന ഡ്രൈവർക്ക് മാസം 10,000 രൂപയും ആയക്ക് മൂവായിരം രൂപയുമാണ് ചെലവഴിക്കേണ്ടത്. ഇതിനുപുറമെ മൂന്ന് ദിവസം കൂടുമ്പോൾ അയ്യായിരം രൂപയ്ക്ക് ഡീസൽ അടിക്കണം. വർദ്ധിച്ചുവരുന്ന ഡീസൽ വിലയും യന്ത്രഭാഗങ്ങളുടെ വിലയുമെല്ലാം കൂടുതൽ ബാദ്ധ്യത വരുത്തിവയ്ക്കുന്നു. നിലവിൽ 20 സീറ്റുള്ള ബസുകൾക്ക് മൂന്ന് മാസം കൂടുമ്പോൾ 500 രൂപയും 20 സീറ്റിൽ അധികമുള്ള ബസുകൾക്ക് ആയിരം രൂപയുമാണ് ടാക്‌സായി അടയ്‌ക്കേണ്ടത്. ഗവ. സ്‌കൂളുകളിൽ പി.ടി.എയും അദ്ധ്യാപകരും നാട്ടുകാരും ചേർന്നാണ് ബസിന്റെ കാര്യങ്ങൾ നോക്കുന്നത്. പാവപ്പെട്ട കുട്ടികൾ പഠിക്കുന്നതിനാൽ വിദ്യാർത്ഥികളിൽ നിന്നും ബസ് ഫീസ് നിർബന്ധിച്ച് വാങ്ങാറില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.

അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എയായിരുന്ന സമയത്ത് ആറ് സ്‌കൂളുകളിലേക്കായി അനുവദിച്ച ഏഴു ബസുകളിൽ മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി സ്‌കൂൾ, നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരു ബസ് എന്നിവയാണ് പുറത്തിറക്കാനാകാതെ കിടക്കുന്നത്. പത്തുവർഷത്തിലേറെ പഴക്കമുള്ള ബസുകളാണ് ഇവയെല്ലാം. കാട്ടൂർ ഗവ. സ്‌കൂളിലേയും ഇരിങ്ങാലക്കുട ഗേൾസ് സ്‌കൂളിനും ലഭിച്ച ബസുകളുടെ കാലാവധി കഴിഞ്ഞതിനാൽ പൊളിച്ചുവിൽക്കാനുള്ള സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. ആനന്ദപുരം ഗവ. യു.പി സ്‌കൂൾ, കടുപ്പശ്ശേരി യു.പി സ്‌കൂൾ, നടവരമ്പ് സ്‌കൂളിലെ ഒരു ബസ് എന്നിവയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

നടവരമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ ബസ് വർഷങ്ങളായി ഓടാതെ കയറ്റിയിട്ടിരിക്കുകയാണ്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ബസിനെ ആശ്രയിക്കാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഓടിക്കാൻ കഴിയാതെ കയറ്റിയിടുകയായിരുന്നു. കടുപ്പശ്ശേരി സ്‌കൂളിലും പുത്തൻചിറ സ്‌കൂളിലും ബിരിയാണി ചലഞ്ചിലൂടെയും മറ്റും പണം കണ്ടെത്തിയാണ് ബസ് അറ്റകുറ്റപ്പണി നടത്തി ഈ വർഷം പുറത്തിറക്കിയത്.