 ടോൾ ജംഗ്ഷനിലുള്ള വർക്ക്ഷോപ്പിനോട് ചേർന്ന് വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നു.
ടോൾ ജംഗ്ഷനിലുള്ള വർക്ക്ഷോപ്പിനോട് ചേർന്ന് വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നു.
കൊടുങ്ങല്ലൂർ ബൈപാസ് സർവീസ് റോഡിലിട്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിലെ സർവീസ് റോഡിലിട്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് അപകടങ്ങൾക്കും ഗതാഗത തടസത്തിനും കാരണമാകുന്നു. സർവീസ് റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകളാണ് വാഹനങ്ങൾ റോഡിൽ ഇട്ടുതന്നെ അറ്റകുറ്റപ്പണികൾ തീർത്ത് വിടുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ സമീപം വാഹനങ്ങളുടെ നീണ്ട ക്യൂവാണ്. ടോറസ് പോലുള്ള വലിയ വാഹനങ്ങൾ ഉൾപ്പെടെ ഈ റോഡിൽ എത്തിച്ചണ് അറ്റകുറ്റപണികൾ നടത്തുന്നത്.
മൂന്നരകിലോമീറ്റർ നീളമുള്ള ചന്തപ്പുര - കോട്ടപ്പുറം ബൈപാസിന്റെ സർവീസ് റോഡിനോട് ചേർന്ന് കിഴക്ക് വശത്തായി ടയർ വർക്ക്, ഗ്രീസ് കൊടുക്കൽ തുടങ്ങിയവയ്ക്കായി നാല് വർക്ക്ഷോപ്പുകളാണ് അനധികൃതമായി പ്രവർത്തിച്ചുവരുന്നത്. അനുമതിയില്ലാത്ത ഇത്തരം വർക്ക്ഷോപ്പിനോട് ചേർന്നാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോട്ടപ്പുറം ടോൾ ജംഗ്ഷനിലുള്ള ഒരു കെട്ടിടത്തിലെ വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നിടത്ത് എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. ഈ വർക്ക്ഷോപ്പിനോട് ചേർന്ന് മാസങ്ങളായി വാഹനങ്ങളുടെ നീണ്ടനിരയാണ്.
ബൈപാസിലെ കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് അടുത്തിയായി ഒരു വർക്ക്ഷോപ്പും ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സി.ഐ സിഗ്‌നലിന് വടക്കുവശത്തും ചന്തപ്പുരയിലും ഇത്തരത്തിലുള്ള വർക്ക്ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ടി.കെ.എസ് പുരം സർവീസ് റോഡിൽ ബൈക്കിൽ വരികയായിരുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ലോറിയുടെ ടയർ മാറ്റുന്നതിനിടെ ഉയർത്തിയിരുന്ന ജാക്കി ലിവറിൽ തട്ടാതെ ബൈക്ക് വെട്ടിച്ചതു മൂലം അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സർവീസ് റോഡിലെ അനധികൃത പാർക്കിംഗിനെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടപടിയിലേക്കെത്തുന്നില്ല. സർവീസ് റോഡിൽ ടയർ വർക്ക് പ്രവർത്തിക്കുന്നവർക്കെതിെരെ മുൻസിപ്പൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഷ്ടപതി തീയറ്റേഴ്‌സിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. എം.കെ. സഗീർ, പി.എം. മനേഷ്, ഇ.ഒ. ജോൺസൺ, കെ.എസ്. അജിത്കുമാർ, പി. സജീവ് എന്നിവർ സംസാരിച്ചു.