പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ മോഹനൻ വാഴപ്പുള്ളി 12 മണിക്കൂർ ഉപവാസം നടത്തി. പഞ്ചായത്തിലെ 7ാം വാർഡായ ഊരകം പതിയാർക്കുളങ്ങരയിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ രേഖാമൂലം അപേക്ഷ നൽകി മാസങ്ങളായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാനായി മെമ്പർ മോഹനൻ രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ ഉപവാസസമരം നടത്തിയത്. ഊരകം എ.യു.പി സ്‌കൂൾ പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഉപവാസ സമരം നടത്തിയത്. മഴക്കാലമായതോടെ എല്ലാ റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കാനകൾ ഇല്ലാത്തിടത്ത് വെള്ളം റോഡിലൂടെ ഒഴുകി വാഹനങ്ങൾ പോലും ഓടിക്കാൻ പറ്റാത്ത സാഹചര്യമാണ്. വളരെ വർഷങ്ങളായി ഈ റോഡുകൾ റിപ്പയർ ചെയ്തിട്ട്. ജനങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം കാണാനായാണ് ഉപവാസം നടത്തിയത്.