ചേലക്കര: വാഴക്കോട്-പ്ലാഴി റോഡിന്റെ നിർമാണം വേഗത്തിലാക്കുന്നതിനും റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം കാനയും പാർശ്വഭിത്തിയും നിർമ്മിക്കുന്നതിനും തീരുമാനിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വിളിച്ച ഉന്നതതല യോഗത്തിൽ പൊതുമരാമത്ത് ചീഫ് എൻജിനിയറും നിർമ്മാണ കമ്പനി പ്രതിനിധികളും പങ്കെടുത്തു. തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. വാഴക്കോട് ജംഗ്ഷൻ വിപുലീകരണത്തിനായി വനംവകുപ്പ് വിട്ടു നൽകിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തി അപകടങ്ങൾ ഒഴിവാക്കുംവിധം നിർമ്മാണം നടത്താൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു.