 
ഇരിങ്ങാലക്കുട: എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ മൂവർ സഹോദരങ്ങൾക്ക് സമ്പൂർണ എ പ്ലസ്. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും ഫസലുദ്ദീൻ - ഷംല ദമ്പതിമാരുടെ മക്കളുമായ സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ് സാലിഹ് എന്നിവരാണ് ആ സമ്പൂർണ എ പ്ലസുകാർ.
ബഹറിനിൽ ജോലി ചെയ്യുന്ന ഫസലുദ്ദീൻ കുട്ടികളുടെ പരീക്ഷാസമയത്ത് നാട്ടിലെത്തിയിരുന്നു. ഫലം വന്നിട്ട് തിരികെ ജോലിക്ക് പോകാമെന്ന് ധാരണയിലിരുന്ന പിതാവിന് മധുരമേകുന്നതായി മൂന്നുപേരുടെയും സമ്പൂർണ എ പ്ലസ്. ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്നതിനാൽ സയൻസ് ഗ്രൂപ്പെടുത്ത് ഇപ്പോൾ പഠിക്കുന്ന എച്ച്.ഡി.പി സമാജം സ്കൂളിൽ തന്നെ ചേർന്ന് പഠിക്കാനാണ് ആഗ്രഹമെന്ന് മൂന്നുപേരും കേരളകൗമുദിയോട് പറഞ്ഞു.
എച്ച്.ഡി.പി സമാജം സ്കൂളിന് നൂറുമേനി
മൂവർ സംഘത്തിന്റേത് ഉൾപ്പെടെ 16 പേർക്കാണ് എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂളിൽ സമ്പൂർണ എ പ്ലസ് നേട്ടം. പരീക്ഷയെഴുതിയ 126 പേർ ജയിപ്പിച്ച് സ്കൂൾ നൂറുമേനിയും കൊയ്തു.