 
കുന്നംകുളം നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുന്നു.
കുന്നംകുളം: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനം സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചും കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. കറുത്ത തുണിയുമായെത്തിയാണ് കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ, പ്രസുന്ന രോഷിത്ത് എന്നിവരാണ് പ്രതിഷേധവുമായി കൗൺസിൽ യോഗത്തിലെത്തിയത്. യോഗം ആരംഭിച്ചതോടെ കോൺഗ്രസ് കൗൺസിലർ ബിജു സി. ബേബി നഗരസഭാദ്ധ്യക്ഷയോട് പ്രതിഷേധമറിയിച്ചു. തുടർന്ന് കൗൺസിൽ യോഗത്തിൽ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവം ചർച ചെയ്ത് പരിഹരിക്കാമെന്ന് ചെയർപേഴ്‌സൺ അറിയിച്ചെങ്കിലും കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധം തുടർന്നു. ഇതോടെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പ്രതിഷേധവുമായി സി.പി.എം ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. സാധാരണക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം തടസപ്പെടുത്തുന്നത് പതിവാണെന്നും സാധാരണ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും സി.പി.എം കൗൺസിലർ എ.എസ്. സുജീഷ് പറഞ്ഞു. തുടർന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതോടെ അജണ്ട ചർച്ച ചെയ്യാനാകാതെ യോഗം അവസാനിപ്പിച്ചു.
ഒരു വർഷത്തെ പദ്ധതി അംഗീകരിക്കുന്ന കൗൺസിലായിരുന്നു. അതിനു പ്രാധാന്യം നൽകാതെ അക്രമം അഴിച്ചുവിടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് കൗൺസിലർമാർ പ്രവർത്തിക്കുന്നത്. കൗൺസിലിന്റെ പ്രാധാന്യം കോൺഗ്രസ് കൗൺസിലർമാർക്ക് അറിയില്ല.
-സീത രവീന്ദ്രൻ (നഗരസഭാ ചെയർപേഴ്‌സൺ).
നഗരസഭയിലെ ആയിരക്കണക്കിന് വരുന്ന ആളുകളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ശബ്ദമുയർത്തിയ ഉടനെ ബെല്ലടിച്ച് യോഗം അവസാനിപ്പിക്കുന്ന നഗരസഭ ചെയർപേഴ്‌സന്റെ പതിവ് രീതി അംഗീകരിക്കാനാകില്ല.
കെ.കെ. മുരളി (ബി.ജെ.പി കൗൺസിലർ)
കേരളത്തിലങ്ങോളമിങ്ങോളമുള്ള കോൺഗ്രസ് ഓഫീസ് സി.പി.എം പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിൽ യോഗത്തിൽ കറുത്ത തുണിയുമായി എത്തിയത്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൗൺസിലർമാർ എതിരല്ല.
ബിജു സി. ബേബി (കോൺഗ്രസ് കൗൺസിലർ).