കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയതിളക്കവുമായി തീരദേശത്തെ സ്‌കൂളുകൾ. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേറെയും നൂറുമേനി വിജയം കൊയ്തു. ഒരു വിദ്യാർത്ഥി മാത്രം ഉപരിപഠനത്തിന് യോഗ്യത നേടാതായതോടെ രണ്ട് സ്‌കുളുകൾക്ക് നൂറു ശതമാനം വിജയം നഷ്ടമായി. തീരദേശത്തെ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ എ പ്ലസുമായി കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂളാണ് മുന്നിൽ. ഇവിടെ 75 വിദ്യാർത്ഥികൾ എ പ്ലസ് കരസ്ഥമാക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ സ്‌കൂളാണെങ്കിലും ഒരു വിദ്യാർത്ഥി പരാജയപ്പെട്ടതോടെ അഞ്ച് വർഷം തുടർച്ചയായി നൂറ് ശതമാനം വിജയം നേടിയതിന് തിരിച്ചടിയായി. പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 286 പേരും വിജയിച്ചു. 34 പേർ ഫുൾ എ പ്ലസ് നേടി. കോട്ടപ്പുറം സെന്റ് ആൻസിൽ പരീക്ഷയെഴുതിയ 334 പേരും വിജയിച്ചു. 43 പേർ ഫുൾ എ പ്ലസ് നേടി. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 120 പേരും വിജയിച്ചു. പതിനൊന്ന് പേർ ഫുൾ എ പ്ലസ് നേടി. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 282 പേരും വിജയിച്ചു. 25 പേർ ഫുൾ എ പ്ലസ് നേടി. എടവിലങ്ങ് ഹൈസ്‌കൂളിൽ പരീക്ഷയെഴുതിയ 56 പേരും വിജയിച്ചു. രണ്ടുപേർ ഫുൾ എ പ്ലസ് നേടി. എറിയാട് ഗവ. കെ.വി.എച്ച്.എസ് സ്‌കൂൾ നൂറു ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 202 കുട്ടികളിൽ 14 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 249 കുട്ടികളിൽ ഒരാളൊഴികെ മറ്റെല്ലാവരും വിജയിച്ചു. 11 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.