ചാലക്കുടി: കോടശേരിയിൽ അറനൂറോളം വനിതകൾക്ക് അഗതി പെൻഷൻ മുടങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ രേഖകളും യഥാസമയം ആശാ വർക്കർമാർ ശേഖരിച്ച് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചിരുന്നു. എന്നാൽ ഭരണ സമിതിക്കാരുടെ അലംഭാവം മൂലം ഇവ സാമൂഹികക്ഷേമ വകുപ്പിലേക്ക് കൈമാറിയില്ല. ഇതുമൂലം പഞ്ചായത്തിലെ പാവപ്പെട്ട സ്ത്രീകൾക്ക് പെൻഷൻ ഇല്ലാതായി. എൽ.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. മാരാങ്കോട് പട്ടിക വർഗ സങ്കേതത്തിൽ ആദിവാസി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ച നടപടി പിൻവലിക്കുന്നതിന് തങ്ങൾക്ക് സമരം ചെയ്യേണ്ടി വന്നു. ആറ് മാസമായി അടച്ചിട്ടിരുന്ന ഇ.എം.എസ് ഓഡിറ്റോറിയം തുറന്നതും എൽ.ഡി.എഫ് പ്രക്ഷോഭം നടത്തിയതിന്റെ ഫലമായിരുന്നു. കഴിഞ്ഞ എം.എൽ.എയുടെ കാലത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ യുവ കോൺഗ്രസ് നേതാവ് ഇപ്പോൾ തടസപ്പെടുത്തുന്നു. സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതതും ഭരണ സമിതിയുടെ പിടിപ്പു കേടാണ്. എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. കൺവീനർ സി.കെ. സഹജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.എ. ജയതിലകൻ, പഞ്ചായത്തംഗം ശ്യാമ സജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.