കൊടുങ്ങല്ലൂർ: വലതുപക്ഷത്തിന് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഷായി അയാരിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിന്റെ കാര്യം മാത്രമെടുത്താൽ ഇന്ത്യ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നൂറ്റി നാലാം സ്ഥാനത്താണ്.
പ്രക്ഷോഭം സംഘടിപ്പിക്കാനും വ്യവസ്ഥിതിയിൽ മാറ്റം വരണമെന്നാഗ്രഹിച്ച് പ്രവർത്തനം നടത്താൻ ഇടതുപക്ഷം നിരന്തരം ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ വലതുപക്ഷം ബോധപൂർവ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, യൂണിവേഴ്‌സിറ്റി റാങ്ക് നേടിയ വിദ്യാർത്ഥിയെ ആദരിക്കൽ എന്നിവ നടന്നു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ അഫ്‌സൽ, ഇന്ദിരാ വിദ്യാധരൻ, കെ.എ.മുഹമ്മദ് റാഫി, നൗഷാദ് കറുകപ്പാടത്ത് എന്നിവർ സംസാരിച്ചു.