vijayahladamകൊടുങ്ങല്ലൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ കേക്ക് മുറിച്ച് വിജയാഘോഷം ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: മികച്ച വിജയം നേടിയ നഗരസഭയിലെ സർക്കാർ സ്‌കൂളുകളെ നഗരസഭ അധികൃതർ അഭിനന്ദിച്ചു. സ്‌കൂളുകളിൽ നഗരസഭ അധികൃതർ നേരിട്ടെത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പി.ടി.എ പ്രവർത്തകരെയും അഭിനന്ദിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി എന്നിവരെത്തി അഭിനന്ദനം അറിയിച്ചു. ലഡു വിതരണം ചെയ്തും കേക്ക് മുറിച്ചുമാണ് സ്‌കൂളിൽ വിജയാഹ്ലാദം ആഘോഷിച്ചത്. തുടർന്ന് ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനാി. ചെയർപേഴ്‌സൺ എം.യു. ഷിനിജ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 276 വിദ്യാർത്ഥിനികൾ പരീക്ഷയെഴുതിയതിൽ 275 പേർ വിജയിക്കുകയും 75 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. ഗ്രേഡിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അഭിനന്ദന യോഗത്തിൽ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.എസ്. കൈസാബ്, ഷീല പണിക്കശ്ശേരി, പ്രിൻസിപ്പൽ ശ്രീകുമാർ, ഷീജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.