prethishedhamകൊടുങ്ങല്ലൂർ നഗരസഭ ഓഫീസിന് മുമ്പിൽ അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ നടത്തിയ പ്രതിഷേധ ജ്വാല എം. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭക്ക് താത്പര്യമുണ്ടെങ്കിൽ നിലവിലുള്ള നഗര പഞ്ചായത്ത് ഭരണത്തിന് അവരുടെ അധികാരം ഉപയോഗിച്ച് നിർവഹിക്കാൻ, മേൽ ഗവണ്മെന്റുകളുടെ അനുവാദം ആവശ്യമില്ലെന്ന് സർവോദയ ട്രസ്റ്റ് ചെയർമാനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ എം. പീതാംബരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. പദ്ധതിക്ക് ആവശ്യമായ പണം നഗരസഭയുടെ കൈയ്യിലില്ലെങ്കിൽ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കളക്ടറെ ബോദ്ധ്യപ്പെടുത്തി ചെലവിടുന്നതിന് കാലതാമസം വരുത്തേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈപാസിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ നടത്തിവന്ന സത്യഗ്രഹ സമരം 150 ദിവസം പിന്നിട്ടതിന്റെ ഭാഗമായി നഗരസഭക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ നജു ഇസ്മയിൽ അദ്ധ്യക്ഷയായി. വിവിധ കക്ഷി നേതാക്കളായ ടി.എസ്. സജീവൻ, വി.എം. ജോണി, അഡ്വ. സുജ ആന്റണി, പുഷ്‌കല വേണുരാജ്, കെ.കെ. കുഞ്ഞുമൊയ്തീൻ, ഇ.എസ്. സഗീർ, കെ.കെ. ഷാജഹാൻ, ടി.എം. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു.