ചാലക്കുടി: ജ്യേഷ്ഠത്തിയുടെ പാത പിന്തുടർന്ന് നിത്യാ നാരായണൻ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് പരിയാരം പഞ്ചായത്തിനാകെ അഭിമാനനേട്ടമായി. ജ്യേഷ്ഠത്തി നവ്യ നാരായണൻ നാലു വർഷം മുമ്പായിരുന്നു വേളൂക്കരയിലെ ചെറ്റക്കുടിലിലേക്ക് എസ്.എസ്.എസ്.എൽ.സി പരീക്ഷയുടെ ഉയർന്ന വിജയം എത്തിച്ചത്. ഓലമേഞ്ഞും ഫ്‌ളക്‌സ് ഷീറ്റുകളാൽ മറച്ചുമുള്ള എരുമേൽ നാരായണന്റെ വീട്ടിൽ വിദ്യാ ദേവതയുടെ കടാക്ഷമുണ്ടായപ്പോൾ, ആ വിജയം ഗ്രാമവാസികൾ ഏറ്റെടുത്ത് നെഞ്ചോട് ചേർത്തു. ഈ കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിച്ച് നൽകാൻ സി.പി.എം കാഞ്ഞിരപ്പിള്ളി ലോക്കൽ കമ്മറ്റിയുടെ തീരുമാനത്തിനും നവ്യയുടെ വിജയം നിമിത്തമായി. തൂമ്പാക്കോടുള്ള ലോക്കൽ കമ്മറ്റിയംഗം പോൾ മുണ്ടന്മാണി ഇതിനായി സ്ഥലവും നൽകി. അന്നത്തെ കുടിലിലെ ചിമ്മിനി വെട്ടത്തിലല്ലായിരുന്നു നിത്യയുടെ പഠനം. എങ്കിലും ചേച്ചിയെപ്പോലെ പഠിച്ചു മിടുക്കിയാകണമെന്ന് ഇവളും മനസിലുറപ്പിച്ചിരുന്നു. നവ്യ നഴ്‌സിംഗ് പഠനത്തിലേക്ക് തിരിഞ്ഞപ്പോൾ സഹോദരിയ്ക്ക് താത്പര്യം സയൻസിനോടാണ്. രണ്ടാമത്തെ മകളുടെ മികച്ച വിജയം എന്നും നിരാലംബ ജീവിതം നയിച്ചിരുന്ന നാരായണൻ-നിഷ ദമ്പതികളുടെ മനസിൽ ആശ്വാസത്തിന്റെ തിരിനാളം തെളിച്ചു.