ഒല്ലൂർ: വ്യവസായ എസ്റ്റേറ്റടക്കം നിരവധി സ്വകാര്യ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും റോൾഡ് ഗോൾഡിന്റെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രവുമായ ഒല്ലൂർ അധികാരികളുടെ അനാസ്ഥ മൂലം റോഡപകടങ്ങളുടെ ദുരന്തമേഖലയായി മാറിയിരിക്കുന്നു. തൃശൂർ-എറണാകുളം ഇടനാഴിയിലെ പ്രധാന കേന്ദ്രമായ ഒല്ലൂർ വാഹനക്കുരുക്കു കൊണ്ട് പ്രസിദ്ധമാണ്. ഒല്ലൂർ സെന്ററിലെ ഗതാഗതകുരുക്ക് മൂലം സമീപവാസികൾ മറ്റ് ചെറിയ റോഡുകൾ ഉപയോഗിക്കുന്നതിനാൽ രാവിലെയും വൈകിട്ടും പോക്കറ്റ് റോഡുകൾ പോലും തിരക്കിലാണ്. പലപ്പോഴും സ്വകാര്യ ബസുകളുടേയും ഇടയ്ക്കിടക്ക് പായുന്ന കണ്ടെയ്‌നർ ലോറികളുടേയും അമിത വേഗവും മരണപ്പാച്ചിലും കാൽനടയാത്രികരുടെ പോലും ജീവനെടുക്കുന്നു. ഒല്ലൂർ സെന്ററിലെ മൂടാത്ത കാനകളും കത്താത്ത ലൈറ്റുകളും പല അപകടങ്ങളുടേയും ആഴം വർദ്ധിപ്പിക്കാനും കാരണമാകുന്നു. കഴിഞ്ഞ ഒരു മാസമായി നിരവധി അപകട മരണങ്ങളാണ് മേഖലയിൽ നടന്നിട്ടുള്ളത്. വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പോലും തൊട്ടയൽപ്പക്കത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും ഒരാൾ പോലും ഗതാഗത നിയന്ത്രണത്തിനുണ്ടാകാറില്ല. വർഷങ്ങളായി ഒല്ലൂർ വികസനം നടപ്പാക്കുമെന്നവകാശപ്പെട്ടവരും ഉറക്കത്തിലാണ്. കഴിഞ്ഞ ദിവസം ഒല്ലൂർ സെന്ററിലുണ്ടായ അപകട മരണവും വികസിക്കാത്ത ഒല്ലൂരിന്റ പര്യായമാണ്. ഇനിയും അധികാരികൾ നടപടിയെടുത്തില്ലെങ്കിൽ കേരളത്തിലെ വൻ അപകടമേഖലയിലെ ലിസ്റ്റിൽ ഒല്ലൂരും ഉൾപ്പെട്ടേക്കാം.