വടക്കാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ ബോയ്‌സ് ഹൈസ്‌കൂളിലെ ആദിത്യകൃഷ്ണൻ നാടിനും നാട്ടാർക്കും അഭിമാനമായി. 5 എ പ്ലസും 3എയും 2 ബി.പ്ലസും നേടിയാണ് ആദിത്യ സ്‌കൂളിന്റെ അഭിമാനമായത്. വടക്കാഞ്ചേരി പുഷ്പകത്ത് സതീഷ് കുമാർ-ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകനായ ആദിത്യ കൃഷ്ണൻ ജന്മനാ അംഗ പരിമിതനാണ്. ആദ്യം ഓട്ടോയിലാണ് സ്‌കൂളിൽ എത്തിയിരുന്നത്. എന്നാൽ ഓട്ടോയിൽ കയറാനുള്ള പ്രയാസം മൂലം ഇപ്പോൾ അമ്മ ഉഷയ്‌ക്കൊപ്പമാണ് സ്‌കൂളിലെത്തുന്നത്. തന്റെ പരിമിതികൾ ഒരു കുറവായി കാണാതെയുള്ള ജീവിത യാത്രയാണ് ആദിത്യകൃഷ്ണന്റെ വിജയം. പഠിക്കാൻ മിടുക്കനായ ആദിത്യകൃഷ്ണന്റെ തുടർന്നുള്ള ആഗ്രഹം സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കാനാണ്.
മാതാപിതാക്കളുടെ സ്‌നേഹവും പരിപാലനവും മൂലമാണ് വിദ്യാഭ്യാസ രംഗത്ത് തിളങ്ങാൻ കഴിഞ്ഞത്.
-ആദിത്യ കൃഷ്ണൻ.