കുന്നംകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വച്ച സംഭവത്തിലും സ്വർണക്കടത്തിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. തുടർന്ന് കുന്നംകുളം സി.ഐ: വി.സി. സൂരജിന്റെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയശങ്കറും വനിതാ പ്രവർത്തകരും ഉൾപ്പെടെ അമ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പിലെ പൊലീസുകാർ പ്രവർത്തകരെ വാഹനത്തിൽ തള്ളി കയറ്റുന്നതിനെച്ചൊല്ലി പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.