എടതിരിഞ്ഞി പോത്താനി മേഖലയിൽ

എടതിരിഞ്ഞി: പോത്താനി ശിവക്ഷേത്രത്തിന് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം. നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പടിയൂർ മൂന്നാം വാർഡിലെ പള്ളിത്തോട്ടുങ്ങൽ ഷാഫി ഭാര്യ ഷമീജ, പള്ളിത്തോട്ടുങ്ങൽ റാഫിയുടെ മകൾ സഫ ഫാത്തിമ, ചിറ്റൂർ ഗിരീഷ് മകൻ ശ്രീക്കുട്ടൻ, കൈപ്പാറ കൊച്ചുമോൻ പേരക്കുട്ടി ആഷിൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സയിലാണ്. കടിയേറ്റവരിൽ സ്‌കൂൾ കുട്ടികൾ മുതൽ തൊഴിലുറപ്പ് തൊഴിലാളികൾ വരെയുണ്ട്. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ ശല്യമാണ്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിലും ഇടവഴികളിലുമാണ് അധികവും വിഹരിക്കുന്നത്. മനുഷ്യരെക്കൂടാതെ വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നുണ്ടെന്നും പറയുന്നു.

വന്ധ്യംകരണ പദ്ധതികൾ ഏറെനാളായി മുടങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പേ വിഷബാധയുള്ള ലക്ഷണമാണ് നായ കാണിച്ചത്. ഇതു കാരണം നാട്ടുകാർ ഭീതിയിലാണ്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾ വർദ്ധിച്ചത് കാരണം ജനങ്ങൾ ഭയപ്പെട്ടാണ് യാത്ര ചെയ്യുന്നത്. പഞ്ചായത്ത് അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് നായ്ക്കളെ ഉന്മൂലനം ചെയ്ത് ജനങ്ങളെ സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.