ചേർപ്പ്: കഴിഞ്ഞ അഞ്ചര പതീറ്റാണ്ടായി നാടിന്റെ കലാ സാംസ്കാരിക അടിത്തറ ബലപ്പെടുത്താൻ നിലകൊണ്ട പെരിഞ്ചേരി വള്ളുക്കുന്നത്തുശ്ശേരി ദി യൂണിയൻ ക്ലബ്ബ് ലൈബ്രറി ഇപ്പോൾ മുഖം മിനുക്കാനൊരുങ്ങുകയാണ്. കൂടുതൽ സൗകര്യങ്ങളോടെ പുതിയ ലൈബ്രറി കെട്ടിടം ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മുൻ എം.എൽ.എ ഗീതാ ഗോപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആയിരത്തി ഇരുന്നൂറോളം പേർ അംഗങ്ങളായുള്ള ലൈബ്രറിയിൽ എണ്ണായിരത്തിലധികം പുസ്തകങ്ങളുണ്ട്. നോവൽ, സഞ്ചാര സാഹിത്യം, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ, ദിനപത്രങ്ങൾ എന്നിവയാണ് ഏറെയും. കെട്ടിടം ജീർണിച്ചതിനാലും പുനർനിർമ്മാണം നടക്കുന്നതിനാലും സമീപത്തെ താത്കാലിക കെട്ടിടത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം. തിങ്കൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വൈകിട്ട് 4 മുതൽ 7 വരെയാണ് ഏതാനും പുസ്തകങ്ങളുമായി ലൈബ്രറി പ്രവർത്തിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെത്തുന്നുണ്ട്. ബാലവേദി, വനിതാവേദി, യുവത, വയോജന വേദി എന്നീ സംഘടനകൾ ലൈബ്രറിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻകാലങ്ങളിലെ ദി യൂണിയൻ ലൈബ്രറി
1955ൽ പ്രദേശത്തെ ഒരു പറ്റം യുവാക്കൾ ചേർന്നാണ് ലൈബ്രറി ആരംഭിക്കുന്നത്. അന്നത്തെ കേന്ദ്ര നിയമ മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണ് ദി യൂണിയൻ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. പ്രദേശവാസിയായിരുന്ന ഇ.ഡി. ശങ്കരൻ നമ്പൂതിരി സൗജന്യമായി നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ലൈബ്രറി ആരംഭിച്ചതെന്ന് ലൈബ്രറിയിലെ സജീവ പ്രവർത്തകനായ രാമകുമാർ ചക്കാലയ്ക്കൽ പറഞ്ഞു. പിന്നീട് തൃശൂർ താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ കീഴിൽ ബി. ഗ്രേഡ് പദവിയിലേക്കെത്തി. മുൻ മന്ത്രി സി.വി. അച്ചുതമേനോൻ, കവി മുല്ലനേഴി അടക്കം നിരവധിപേർ വായനാലയിലെ സ്ഥിരം സന്ദർശകരായിരുന്നു. വിവിധ ക്ലാസുകൾ, സാഹിത്യ സെമിനാറുകൾ, വായനാവാരങ്ങൾ, പുസ്തക പരിചയ ഗൃഹ സമ്പർക്ക പരിപാടികളും മുൻകാലങ്ങളിൽ ലൈബ്രറിയിൽ സംഘടിപ്പിച്ചിരുന്നു.