തൃശൂർ: വേലൂർ കൃഷിഭവൻ, പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലയെ വരവേൽക്കാൻ ഞാറ്റുവേലച്ചന്ത ഒരുക്കുന്നു. പഞ്ചായത്ത് ഓഫീസിന് സമീപം 22 മുതൽ 26 വരെയാണ് ചന്ത. കാർഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. 22 ന് രാവിലെ 10ന് എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയ്ക്ക് ഉണർവേകി കാർഷിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി ആറ് വിദ്യാലയങ്ങളിലെ കാർഷിക ക്ലബ്ബുകളിലേയ്ക്ക് ഇരുന്നൂറോളം തൈകൾ വിതരണം ചെയ്യും. പഞ്ചായത്തിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ, രുചികരമായ അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, കൂവപ്പൊടി, മഞ്ഞൾപൊടി, ഫലവൃക്ഷ തൈകൾ, പച്ചക്കറി വിത്തുകൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും തട്ടുകടയും ചന്തയിലുണ്ടാകും.
സായാഹ്നങ്ങളിൽ ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 22ന് നാടൻപാട്ട്, കർഷകപ്പാട്ട്, 23ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ, 24ന് ഹരിത കർമ്മ സേനാംഗങ്ങളുടെയും 25ന് തൊഴിലുറപ്പ് തൊഴിലാളികളുടെയും കലാവിരുന്ന് എന്നിവ അരങ്ങേറും. കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാൻ ചന്ത പ്രചോദനമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പറഞ്ഞു.