തൃപ്രയാർ: സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസ് തറക്കല്ലിടലും കെ.വി. പീതാംബരൻ സ്മാരക പബ്ലിക്ക് ലൈബ്രറി കെട്ടിട ശിലാസ്ഥാപനവും 20ന് വൈകിട്ട് 3.30ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നിർവഹിക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നതിനാൽ തൃപ്രയാർ പോളിടെക്‌നിക് കോളേജിന് വടക്കുവശത്തായി വാങ്ങിയ പത്ത് സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.
മൂന്നു നിലയോടു കൂടിയ കെട്ടിടത്തിൽ ഹാളുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് കെ.വി. പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടവും നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഇരു കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ്, കൺവീനർ എം.എ. ഹാരിസ് ബാബു, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.വി. പീതാംബരന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം വൈകിട്ട് 4ന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.