കൊരട്ടി: വീട്ടിൽ പത്രം വരുത്തുന്നവരുണ്ട്, എന്നാലും ഇവിടെ കൂട്ടത്തിലിരുന്നൊന്ന് വായിക്കണം. കാഴ്ചയ്ക്ക് മങ്ങലുള്ളവർക്ക് വായിക്കുന്നത് കേട്ടിരിക്കണം. പിന്നെ സംശയങ്ങൾ ദൂരീകരിക്കലും അതിനെക്കുറിച്ചുള്ള ചർച്ചയും. ടി.വിയിലെ വാർത്തയും അവർ കണ്ടും കേട്ടുമിരിക്കും. ഇത് കൊരട്ടി പാറക്കൂട്ടം വായനശാലയിലെ ദൈനംദിന കാഴ്ചയാണിത്. സ്ത്രീകളടക്കം നാൽപ്പതോളം പേർ ഇവിടത്തെ വായനാ സംഘത്തിലുണ്ട്. പകുതിയോളം പേർ സ്ഥിരമായി എത്തും. വർഷങ്ങളുടെ പഴക്കമുള്ള പത്രപാരായണവും മറ്റും കൊവിഡ് കാലഘട്ടങ്ങളിൽ നിലച്ചിരുന്നു. ഇപ്പോൾ വീണ്ടും വായനാമുറ്റം സജീവം. പഞ്ചായത്തിന്റെ പകൽ വീടും ഇതോടൊപ്പം പ്രവർത്തിക്കുന്നത് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള വായനശാലയുടെ പ്രയാണത്തിന് മുതൽക്കൂട്ടാകുന്നു. പിൻ.എൻ. പണിക്കരെപ്പറ്റിയും വായനാദിനത്തെക്കുറിച്ചും ഇന്ന് ഇവരിൽ പലർക്കും അറിയാം. പോസ്റ്റ്മാസ്റ്റർ ജോലിയിൽ നിന്നും വിരമിച്ച ഉണ്ണിസാറാകട്ടെ ഇത്തരം കാര്യങ്ങൾ കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കാൻ സിമന്റ് ബഞ്ചിന്റെ ഒരറ്റത്തുണ്ടാകും. പനംകൂട്ടത്തിൽ ജയപ്രകാശ്, തൊഴിലുറപ്പ് മേറ്റ് ചന്ദ്രികാ വിജയൻ എന്നിവർ ഇതിനകം വായനശാലയുമായി ഇഴുകിച്ചേർന്നു.
പരിസരത്തെ അമ്പതോളം കുട്ടികളും ഇവിടെ നടക്കുന്ന സൗജന്യ കരാത്തെ ക്ലാസിനെത്തുന്നു. മാസത്തിലൊരിക്കൽ ഇവർക്കായി ഏതെങ്കിലും കലാസാംസ്‌കാരിക പരിപാടികളുമുണ്ടാകും. ഇവരും അപ്പൂപ്പൻ അമ്മൂമ്മരാരുടെ പത്ര പാരായണ ദിനചര്യകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അന്യമാകുന്ന വായനാശീലത്തെ ഗ്രാമീണതയുടെ സുഗന്ധവുമായി പിടിച്ചു നിർത്തുന്ന തലനരച്ച ഒരുക്കൂട്ടം ആളുകളുടെ ദൗത്യത്തിന്റെ പ്രസക്തി വാനോളം ഉയരുകയാണ് പി.എൻ. പണിക്കരുടെ ഓർമ്മ ദിനത്തിൽ.

പകൽവീട്ടിലെത്തുന്ന വയോജനങ്ങളാണ് വായനയിലും ടി.വി കാണലിലും ഇഴുകിച്ചേരുന്നത്. വൈകിട്ടും ആളുകൾ ആൽമരച്ചുവട്ടിലെ ബഞ്ചുകളിൽ സ്ഥാനം പിടിക്കും. ഇവർക്ക്്് ചായയ്ക്കും അൽപ്പം കൊറിക്കലിനുമായി സഹായം നൽകാനും കാരുണ്യത്തിന്റെ കനിവുമായി ഗ്രാമവാസികളും ഒപ്പമുണ്ട്. ചിലപ്പോൾ വിഭവ സമൃദ്ധമായ സദ്ധ്യയും നടക്കാറുണ്ട്.
-സിന്ധു ജയരാജ്
(വായനശാല സെക്രട്ടറി)