വടക്കാഞ്ചേരി: കേരള കലാമണ്ഡലത്തിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ പരിഷ്‌കരണത്തിൽ സർക്കാർ അനുവർത്തിക്കുന്നത് കടുത്ത അനാസ്ഥയെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. 2019 മുതൽ പ്രാബല്യത്തിൽ വരുത്തിയ പെൻഷൻ പരിഷ്‌കരണം മൂന്നു വർഷം പിന്നിടുമ്പോഴും പിരിഞ്ഞുപോയവർക്ക് ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് കേരള സർക്കാർ നടത്തുന്നത്. പെൻഷൻ പരിഷ്‌കരണത്തോടൊപ്പം പിടിച്ചുവച്ച ഗഡുക്കൾ, പുതുക്കിയ ക്ഷാമാശ്വാസം എന്നിവ ഉടനടി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. മുരളീധരൻ ചക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ദേവദാസ് വർമ്മ, വത്സല കുമാരി എന്നിവർ പ്രസംഗിച്ചു.