തൃശൂർ: പൂമല ഡാമിലെ ജലാശയത്തിൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെ കരാറുകാരന്റെ നേതൃത്വത്തിൽ സവാരി, നടപടിയെ ചോദ്യം ചെയ്ത കെയർ ടേക്കർക്കെതിരെ അതിക്രമത്തിന് ശ്രമമെന്ന് പരാതി. ഇത് സംബന്ധിച്ച് വിയ്യൂർ പൊലീസിൽ പരാതി നൽകി. പൂമല ഡാം കെയർ ടേക്കറായ രജ്ജിനിയാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പുള്ള് സ്വദേശിയായ വി.ആർ. ഷാജിയാണ് ഡാമിൽ ബോട്ടിംഗിന്റെ കരാറുകാരൻ. എന്നാൽ ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ സവാരി നടത്തരുതെന്ന് കെയർ ടേക്കർ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. ഡി.ടി.പി.സി അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ജലാശയത്തിൽ സൂര്യാസ്തമനത്തിന് ശേഷം വിനോദസഞ്ചാരികൾക്കുള്ള ബോട്ടിംഗ് സർക്കാർ അനുവദിച്ചിട്ടില്ല. ജൂൺ ഒമ്പതിനാണ് പുതിയ കരാറുകാരൻ വന്നത്. എന്നാൽ പൂമലയിൽ കരാറുകാരൻ ആദ്യ രണ്ടു ദിവസങ്ങളിലും സൂര്യാസ്തമനത്തിന് ശേഷം ഒരു മണിക്കൂർ കൂടി കഴിഞ്ഞാണ് ബോട്ട് സർവീസ് നിറുത്തിയതെന്നും പറയുന്നു. ഇത് സംബന്ധിച്ച് ടൂറിസം ഡെപ്യുട്ടി ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.