ulkadanamകണ്ടംകുളം എം.സി.എഫിന്റെ ഉദ്ഘാടനം കെ.ആർ. ജൈത്രൻ നിർവഹിക്കുന്നു.

കണ്ടംകുളം എം.സി.എഫ് ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ: മാലിന്യ സംസ്‌കരണത്തിനും ശുചിത്വ പരിപാലനത്തിനുമായി കൊടുങ്ങല്ലൂർ നഗരസഭ ആവിഷ്‌കരിച്ച അഞ്ച് കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലേക്കെത്തുന്നു. തൊണ്ണൂറ് ശതമാനം ഫണ്ടും ചെലവഴിച്ച് പദ്ധതികൾ ലക്ഷ്യത്തിലേക്കെത്തുകയാണ്. അഞ്ച് കോടി രൂപയുടെ സ്വച്ഛ് ഭാരത് പദ്ധതിയിൽ 41 ശതമാനം ഫണ്ട് നഗരസഭയുടെയും 35 ശതമാനം കേന്ദ്ര സർക്കാരിന്റെയും 24 ശതമാനം സംസ്ഥാന സർക്കാരിന്റെയുമാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ സംസ്‌കരണത്തിനായി രണ്ട് റിസോഴ്‌സ് റിക്കവറി സെന്ററുകൾ നിർമ്മിച്ചു. ടി.കെ.എസ് പുരത്തെ സെന്ററിന് യന്ത്രസാമഗ്രികൾ ഉൾപ്പെടെ 23.20 ലക്ഷമാണ് ചെലവ്. ഇതിന്റെ വിസ്തീർണ്ണം 1,000 ചതുരശ്ര അടിയാണ്. പുല്ലൂറ്റ് നാരായണമംഗലത്ത് 2,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കേന്ദ്രത്തിന് 20 ലക്ഷം വകയിരുത്തിയിരുന്നു. കൂടാതെ 50 ചതുരശ്ര അടി വിസ്തീർണമുള്ള 22 മിനി മെറ്റീരിയൽ കളക്ഷൻ കേന്ദ്രങ്ങൾക്കായി 13.20 ലക്ഷവും ചെലവഴിച്ചു. ഇതിന് പുറമെ 300 ചതുരശ്ര അടി വിസ്തീർണത്തിൽ 9 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ കൂടി നിർമ്മിച്ചിട്ടുണ്ട്. മൂന്ന് കളക്ഷൻ സെന്ററുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കണ്ടംകുളം സാംസ്‌കാരിക നിലയത്തിനു സമീപം നിർമ്മാണം പൂർത്തിയാക്കിയ എം.സി.എഫിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, റിജി ജോഷി, ഇ.ജെ. ഹിമേഷ്, ധന്യ ഷൈൻ, റീന അനിൽ, വി. സനിൽ, ബിജു എന്നിവർ പ്രസംഗിച്ചു.