
കുന്നംകുളം: കുന്നംകുളം ഓനീറോ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്ത് മൺപാത്രം വിൽക്കുന്നവരുടെ 8000 രൂപയോളം വിലവരുന്ന മൺപാത്രങ്ങൾ നഗരസഭ അധികൃതർ എടുത്തുകൊണ്ടുപോയി. പിഴ അടച്ചാൽ മൺപാത്രം വിട്ടുനൽകാം എന്ന നിലപാടിലാണ് നഗരസഭാ ഉദ്യോഗസ്ഥർ.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനി മുത്തേടത്ത് പറമ്പിൽ കമലുവും, പേരക്കുട്ടി ആളൂർ സ്വദേശി കുംഭാരത്തറയിൽ പൊന്നുകുട്ടനും എട്ട് വർഷമായി ഇവിടെ മൺപാത്രം വിറ്റാണ് ജീവിക്കുന്നത്. മുമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ കട്ട വിരിച്ച ഭാഗത്തായിരുന്നു മൺപാത്രം വിൽക്കാനായി സൂക്ഷിച്ചിരുന്നത്. പിന്നീട് നഗരസഭാ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് പൂർണ്ണമായും സമീപത്തെ മതിലിനോട് ചേർത്ത് വച്ചാണ് വിറ്റിരുന്നത്. ഇതിനിടെ ഒരു വ്യക്തി മൺപാത്രം വാങ്ങാനായെത്തി ഇവർക്കായുള്ള പാത്രം തെരയുന്നതിന്റെ ഭാഗമായി ബസ് സ്റ്റോപ്പിന് സമീപത്തെ കട്ടവിരിച്ച ഭാഗത്ത് പാത്രം വച്ചിരുന്നു. ഈ സമയത്താണ് നഗരസഭാ ഉദ്യോഗസ്ഥരെത്തി പാത്രങ്ങളെല്ലാം എടുത്തു കൊണ്ടുപോയതെന്നാണ് ആരോപണം.
8000 രൂപയോളം വില വരുന്ന മൺപാത്രങ്ങൾ കൊണ്ടുപോയതായി പറയുന്നു. ഇവിടെ മൺപാത്രം അടക്കിവച്ച് കച്ചവടം നടത്തുന്നതിനാൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബസ് കാത്തു നിൽക്കാൻ സ്ഥലം ഇല്ലെന്നാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ബസ് സ്റ്റോപ്പിനുള്ളിൽ വച്ചല്ല കച്ചവടം നടത്തുന്നതെന്നും ആളുകൾക്ക് നിൽക്കാനുള്ള സ്ഥലം ഒഴിച്ചിട്ട് നഗരസഭ ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ചാണ് കച്ചവടം നടത്തുന്നതെന്നും വിൽപ്പനക്കാരനായ പൊന്നു കുട്ടൻ പറയുന്നു. കൈനീട്ട കച്ചവടം പോലും നടന്നിട്ടില്ല.
നഗരസഭാ പരിധിയിൽ തന്നെ നിരവധി കച്ചവടക്കാർ നടപ്പാത പോലും കൈയേറി കച്ചവടം നടത്തുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിച്ച് തങ്ങളെപ്പോലുള്ള പട്ടിണിപ്പാവങ്ങളുടെ വയറ്റത്ത് അടിക്കുകയാണ് നഗരസഭ.
പൊന്നു കുട്ടൻ