1

വടക്കാഞ്ചേരി: മാലിന്യമുക്തമെന്ന് അവകാശപ്പെടുന്ന വടക്കാഞ്ചേരി നഗരസഭയ്ക്ക് നാണക്കേടായി മെഡിക്കൽ കോളേജ് ഡിവിഷൻ ഡെന്റൽ കോളേജിന് പിറകിലുള്ള പാതയും പരിസരവും മാലിന്യയാർഡിന് സമാനം. അതേസമയം മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിച്ച് സർവശുദ്ധി പ്രഖ്യാപനം തുടരുകയാണ് അധികൃതർ. വിജനമായ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും കോഴി മാലിന്യമുൾപ്പെടെ വൻതോതിൽ നിക്ഷേപിക്കുകയാണ് ഒരു വിഭാഗം സാമൂഹികവിരുദ്ധർ.

ഉപയോഗിച്ച മാസ്‌ക്, കാലാവധി തീർന്ന മരുന്നുകൾ എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെടുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന്റെ ഏതാനും വാരയകലെയാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന മാലിന്യ നിക്ഷേപം നിർബാധം തുടരുന്നത്. മഴക്കാലമായതോടെ ഈ മാലിന്യക്കൂമ്പാരത്തിലൂടെ ഒഴുകുന്ന ജലം തൊട്ടടുത്ത വയലുകളിലേക്കും ജനവാസ മേഖലയിലെ കിണറുകളിലുമൊക്കെ കലരുന്ന സ്ഥിതിയുമുണ്ട്.

ഇതുവഴി മാരകരോഗം പടർന്നുപിടിക്കുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നു. പ്രദേശത്ത് സ്ഥാപിച്ച മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ മുന്നറിയിപ്പ് ബോർഡും സാമൂഹികവിരുദ്ധർ അവഗണിക്കുകയാണ്. അനുദിനം വർദ്ധിക്കുന്ന മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അറിയിച്ചു.