
വടക്കാഞ്ചേരി : വിലയിലും രുചിയിലും വമ്പൻ, വിപണിയിൽ തരംഗമായി ഡ്രാഗൺ ഫ്രൂട്ട്‌സ്. മേഖലയിലെ വഴിയോരങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് കച്ചവടക്കാർ സജീവമാകുകയാണ്. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് പഴത്തിന്റെ വില. കാഴ്ചയ്ക്കും ഏറെ വ്യത്യസ്തമായ ഇവയ്ക്ക് ആവശ്യക്കാരുമേറെ. പഴത്തിനുള്ളിലെ കറുത്ത വിത്തുകൾ നിറഞ്ഞ മൃദുവായ ഭാഗം ഇളക്കിയെടുത്താണ് ഭക്ഷിക്കുക. കഥകളിൽ പരാമർശിക്കുന്ന ഡ്രാഗൺ എന്ന ജീവിയുടെ ശീരത്തിലുള്ളതുപോലെ ഇതളുകളുള്ളതിനാലാണ് ഈ പഴത്തിന് ഇത്തരമൊരു പേര് ലഭിച്ചത്. സംസ്ഥാനത്ത് അത്ര വ്യാപകമായി കാണാത്ത പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണുന്ന ഹൈലോസീറസ് എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോൾ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.