1

വടക്കാഞ്ചേരി : നരേന്ദ്രമോദി സർക്കാരിന്റെ എട്ട് വർഷത്തെ ഭരണം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ പാടെ തച്ചുതകർത്തുവെന്ന് റവന്യു മന്ത്രി അഡ്വ.കെ.രാജൻ. രണ്ട് ദിവസമായി നടന്ന സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. മോഡിയുടെ ഭരണം കൊണ്ട് നേട്ടമുണ്ടായത് കോർപ്പറേറ്റുകൾക്കാണ്. കൊവിഡ് കാലത്തിലും കേന്ദ്രസർക്കാരിന്റെ തണലിൽ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചു.

സംഘപരിവാർ ശക്തികൾ വർഗീയകലാപം ഉണ്ടാക്കി ഇന്ത്യയുടെ മതേതര മൂല്യങ്ങളെ ദിനം പ്രതി തകർക്കുകയാണ്. അസമത്വവും ഭീകരമായ തൊഴിൽ ഇല്ലായ്മയുമാണ് മോഡി സർക്കാരിന്റെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദുരന്തമുണ്ടായാൽ എങ്ങനെ ജനതയെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാർ കാണിച്ചുകൊടുത്തു. ഈ കാലയളവിനുള്ളിൽ 54,533 പട്ടയങ്ങൾ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ആർ. സോമനാരായണൻ, സിഎൽ.സൈമൺ മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ അരുൺ കാളിയത്ത്, കൺവീനർ വിജീഷ് അള്ളന്നൂർ, ട്രഷറർ സി.യു.അബൂബക്കർ, പി.ശ്രീകുമാർ, ടിപി.സുനിൽ, കെ.ആർ.സത്യൻ, പി.ആർ.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ മുള്ളൂർക്കര റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി അരുൺ കാളിയത്തിനെ വീണ്ടും സമ്മേളനം തിരഞ്ഞെടുത്തു.