 
വടക്കാഞ്ചേരി: അക്ഷരമുറ്റത്ത് നൃത്തച്ചുവെടുവച്ച് വിദ്യാർത്ഥികൾ. കരാത്തെ, തയ്യൽ മേഖലയിലും വിദഗ്ധ പരിശീലനം, അമ്പലപുരം ദേശവിദ്യാലയം യു.പി സ്‌കൂളിൽ അക്കാഡമിക് രംഗത്തോടൊപ്പം നടക്കുന്ന പഠനേതര പ്രവർത്തനങ്ങൾ ജനകീയശ്രദ്ധ നേടുകയാണ്. ഒഴിവുവേളകളും അവധിദിനങ്ങളും ഉപയോഗപ്പെടുത്തിയാണ് 1 മുതൽ 7 വരെയുള്ള കുട്ടികൾക്കായി നൃത്ത പഠനവും മറ്റുമൊക്കെ സംഘടിപ്പിക്കുന്നത്. സാധാരണക്കാരായ നിരവധി കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും പരിശീലനമുറപ്പാക്കി നടപ്പാക്കുന്ന വേറിട്ട പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സ്‌കൂൾ മാനേജർ ടി.എൻ. ലളിത ടീച്ചർ നിർവഹിച്ചു. നൃത്ത അദ്ധ്യാപിക നാട്യരത്‌നം രശ്മി പ്രമോദിന്റെ നേതൃത്വത്തിൽ ഭരതനാട്യം, തയ്യൽ പരിശീലക ബിജിമോൾ, കരാത്തെ മാസ്റ്റർ അജീഷ് പൂമല എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ പുരോഗമിക്കുന്നത്.