 
കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. വായനാ പക്ഷാചരണത്തോട് അനുബന്ധിച്ച് പണ്ഡിറ്റ് കറുപ്പൻ വായനശാല കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷര സ്ത്രീ അക്ഷരങ്ങൾ എന്ന പദ്ധതിയുടെ വിശദീകരണവും നടന്നു.
വായനശാലാ വായനക്കാരനിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ വായന ആരംഭിക്കുന്നത്. ഓരോ കുടുംബശ്രീ യൂണിറ്റുകളിലേക്കും പുസ്തകങ്ങൾ എത്തിക്കുകയും ആസ്വാദനക്കുറിപ്പ് സ്വീകരിക്കുകയും അതുവഴി വായന വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായാണ് കുടുംബശ്രീയുടെ സഹകരണത്തോടെ വായനശാല ഈ പദ്ധതി ഇവിടെ ആവിഷ്‌കരിച്ചിട്ടുള്ളത്.
കൊടുങ്ങല്ലൂർ നഗരസഭയിലെ 22-ാം വാർഡിലെ 23 കുടുംബശ്രീകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷയായി. പൗർണമി ടീച്ചർ പദ്ധതി വിശദീകരിച്ചു. എൻ.എച്ച്. സാംസങ് മാസ്റ്റർ, എൻ.കെ. തങ്കരാജ്, വാർഡ് കൗൺസിലർ അഡ്വ. വി.എസ്. ദിനൽ, എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി യു.ടി. പ്രേംനാഥ് സ്വാഗതവും സി.ഡി.എസ് മെമ്പർ റോസിലി എഡിസൺ നന്ദിയും പറഞ്ഞു.