വെങ്കിടങ്ങ്: 'വരൂ ...ചായ കുടിക്കാം, പുസ്തകം വായിക്കാം ' ചായക്കടയിൽ വായനശാലയൊരുക്കിയത് വായനാദിനത്തിൽ വേറിട്ട കാഴ്ചയായി. കുണ്ടഴിയൂർ ജി.എം.യു.പി സ്‌കൂൾ റീഡേഴ്‌സ് ക്ലബും പുളിക്കക്കടവ് നാട്ടുകൂട്ടവും ചേർന്നാണ് കടവത്തെ മുസ്തഫയുടെ ചായക്കടയിൽ വായനയുടെ പ്രചരണത്തിനായി തുറന്ന വായനശാല ഒരുക്കിയത്. വായനശാലയുടെ ഉദ്ഘാടനം വെങ്കിടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൾ മജീദ് നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അഫ്‌സൽ പാടൂർ അദ്ധ്യക്ഷനായി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് എ.എസ്. രാജു മാസ്റ്റർ വിശദീകരിച്ചു. ഒ.എസ്.എ പ്രസിഡന്റ് ആർ.പി. റഷീദ് മാസ്റ്റർ, വെങ്കിടങ്ങ് യംഗ്‌സ്റ്റേഴ്‌സ് ക്ലബ് പ്രതിനിധി പി.കെ. ഹിഷാം എന്നിവർ സംസാരിച്ചു.