ചേലക്കര: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി ജർമ്മൻ ബാങ്കിന്റെ ധനസഹായത്തോടുകൂടി നിർമ്മിക്കുന്ന വാഴക്കോട്- പ്ലാഴി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടിന്റെ ചീഫ് എൻജിനിയർ കെ.എഫ്. ലിസിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വാഴക്കോട്- പ്ലാഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ഡ്രെയിനേജ്, കൾവർട്ട് എന്നിവ നിർമ്മിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരുന്നു. ചേലക്കര ടൗണിലെയും പഴയന്നൂർ ടൗണിലെയും റോഡ് കോൺക്രീറ്റ് ചെയ്യുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിന് വേണ്ട സൗകര്യങ്ങൾ പൊലീസിന്റെ സഹായത്തോടെ ഒരുക്കുന്നതിന് തീരുമാനിച്ചിരുന്നു. വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള റോഡിലെ വെള്ളക്കെട്ട് വരുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഡ്രൈനേജ് നിർമ്മിക്കുന്നതിനും കൃഷിയിടങ്ങളിലേക്ക് കാർഷിക യന്ത്രങ്ങൾ ഇറക്കുന്നതിന് റാമ്പ് നിർമ്മിക്കുന്നതിനും നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംഘം സന്ദർശത്തിനെത്തിയത്.
കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനിയർ ടി.എം. ബിന്ദു, എക്‌സിക്യൂട്ടീവ് എൻജിനിയർ സിനി മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ വി.പി. സിന്റോ, അസിസ്റ്റന്റ് എൻജിനിയർ എം.ആർ. മിനി, റസിഡൻഷ്യൽ എൻജിനിയർ വത്സരാജ്, പ്രൊജക്ട് മാനേജർ ഡി. ശ്രീരാജ്, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ പ്രവീൺ ചന്ദ്രദാസ്, ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഡയറക്ടർ സച്ചിൻ മുഹമ്മദ്, ലെയ്‌സൺ ഓഫീസർ തൗസീഫ് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.