ചാലക്കുടി: മൂന്നര വയസിലാണ് വൈഗ നൃത്തച്ചുവടുകൾ വച്ചുതുടങ്ങിയത്. ഭരതനാട്യത്തിന്റെ അടവുകളും ചുവടുകളും കടന്ന് പതിമൂന്നിലെത്തിയപ്പോൾ നാടോടിനൃത്തവും ഏകാഭിനയ കലയുമൊക്കെ വഴങ്ങി. വിദ്യാലയത്തിലും ക്ഷേത്ര മൈതാനിയിലുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും തല ചായ്ക്കാൻ ഒരിടമെന്ന മോഹം ഇവൾക്ക്് വിദൂര സ്വപ്‌നമാണ്. മോതിരക്കണ്ണി മണ്ണുംപുറം പനങ്ങാട്ട്്് വിനോജ്-ബിന്ദു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആറാം ക്ലാസുകാരിയായ ഈ മിടുക്കി. അമ്മയുടെ ചിരകാലാഭിലാഷമായ നൃത്തരംഗത്ത് കാലൂന്നിയതും കനാൽ പുറമ്പോക്കിലെ കെട്ടുറപ്പില്ലാത്ത വീട്ടിൽ. രണ്ടാം ക്ലാസിലെ അരങ്ങേറ്റവും നാട്ടുകാർക്ക് വിസ്മയമായി. നാട്ടുകാരുടെ പ്രോത്സാഹനവും അദ്ധ്യാപകരുടെ സ്‌നേഹ വാത്സല്യവും ഊർജ്ജമായപ്പോൾ കലയിലെ വൈഗയുടെ വളർച്ച അമ്പരപ്പിക്കുന്നതായി. പ്രളയ, കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഇതുവരെ അമ്പതോളം വേദികളിൽ നിറഞ്ഞാടി. സമീപ പ്രദേശങ്ങളിലെ ഉത്സവ വേദികളിൽ ജൂനിയർ നർത്തകിയാണിന്ന് കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരി വൈഗ. തങ്ങളുടെ മകൾക്ക് ഔദ്യോഗിക കലാമത്സരങ്ങൾക്ക് ലഭിച്ചതടക്കമുള്ള പുരസ്‌കാരങ്ങൾ യഥാസ്ഥാനത്ത് വയ്ക്കാൻ പോലും കഴിയാത്ത ദുഃഖത്തിലാണ് വിനോജും ബിന്ദുവും. ഉറപ്പില്ലാത്ത മണ്ണിനാൽ തീർത്ത ഭിത്തികളും ഒറ്റമുറിയുമായുള്ള വീട്ടിലിൽ ആരോടും പരിഭവിക്കാതെ ഇവർ ജീവിതം തള്ളിനീക്കുകയാണ്. പഞ്ചായത്തിൽ നൽകിയ അപേക്ഷ ലൈഫ് പദ്ധതിയുടേതാണോ എന്നുപോലും കൃത്യമായി വിനോജിന് അറിയില്ല. കലയിലും പഠനത്തിലും മികവ് കാട്ടി വളർന്നുവരുന്ന മകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഇയാൾ പറഞ്ഞു. മകൻ വിഷ്ണു പ്ലസ് ടുവിലാണ്. മരപ്പണിക്കാരനായ വിനോജിന് രോഗത്തിന്റെ അസ്കിതയമുണ്ട്. തയ്യൽ ജോലിയുള്ള ബിന്ദുവിന്റെ വരുമാനം കൂടിയുണ്ടായിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവുന്നില്ല. ആർ.എൽ.വി ഹരിനാരായണന്റെ ശിഷ്യയാണ് വൈഗ. കൊവിഡ് കാലത്ത് നിലച്ച പരിശീലനം വീണ്ടും തുടങ്ങുകയാണെന്ന് ഇവൾ പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന കൊച്ചു മിടുക്കി വൈഗയുടെ മോഹങ്ങൾ പൂവണിയുന്നതിന് നാടിന്റെ നന്മകൾ കൈക്കോർക്കുമെന്ന് പ്രത്യാശിക്കാം.