പാവറട്ടി: ദേവൂട്ടിക്ക് യോഗ പരിശീലനം ജീവിതമാണ്. കവിതയും കഥയെഴുത്തും പ്രിയപ്പെട്ടതുമാണ്. നിരവധി കോളേജുകൾ സ്‌കൂളുകൾ, രാമവർമ്മപുരത്തെ വൃദ്ധസദനം, മഹിളാമന്ദിരം തുടങ്ങിയ ഇടങ്ങളിലെല്ലാം ദേവൂട്ടി ഗുരുവായൂർ യോഗ പരിശീലനം നടത്തുന്നു. 20-ാം വയസ് മുതൽ യോഗ പഠിച്ച ദേവൂട്ടി 12 വർഷം ഗുരുവായൂർ സരസ്വതി വിദ്യാനികേതനിൽ അദ്ധ്യാപികയായിരുന്നു. 2016 മുതൽ യോഗ ജനകീയമാക്കാനായി തീരുമാനമെടുത്തു. യോഗയുടെ വ്യത്യസ്ഥതലങ്ങളായ നാച്ചറോപ്പതി, യോഗാതെറാപ്പി എന്നിവ സ്വായത്തമാക്കി. കൊവിഡ് കാലത്ത് കേരള സർക്കാരിന്റെ പദ്ധതിയായ സുജീവനം യോഗ അസോസിയേഷന്റെ നിർദ്ദേശപ്രകാരം നിരവധിപേർക്ക് സൗജന്യമായി ക്ലാസെടുത്തു. യോഗയുടെ പ്രചരണാർത്ഥം കന്യാകുമാരി, വാഗമൺ, മഴുവഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും 1996ൽ മലയാളം ബിരുദമെടുത്ത ദേവൂട്ടി തമിഴ്‌നാട് സർക്കാരിന്റെ യോഗയിൽ എം.എസ്.സി കോഴ്‌സ് ചെയ്യുകയാണ്. 'ഹൃദയങ്ങൾക്കൊരു കുട', 'കണ്ണാന്തളികൾ പൂക്കുമ്പോൾ ' എന്നീ കവിതകളും 'പുനർജനി തേടുന്ന കണ്ണുകൾ 'എന്ന കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ദേവൂട്ടി പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിനടുത്ത് പട്ടിയംപുള്ളി ഗോപാലന്റയും അമ്മിണിയുടേയും മകളാണ്. ഷിബു ഭർത്താവും വിദ്യാർത്ഥികളായ ദേവദത്തൻ, ദേവഭദ്ര എന്നിവർ മക്കളുമാണ്.
മനസിന് ഏറ്റവും ആനന്ദം നൽകാൻ യോഗ പരിശീലനത്തിലൂടെ സാദ്ധ്യമാകും. യോഗ പരിശീലനം ഒരു പഠന വിഷയമാക്കുകയാണെങ്കിൽ സ്‌കൂൾ കുട്ടികളിലെ അരക്ഷിതാവസ്ഥ മാറ്റി അവർക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.
-ദേവൂട്ടി പാലുവായ്