ചാലക്കുടി: പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ അതിരപ്പിള്ളി കണ്ണക്കുഴിയിലെ റിസോർട്ട് പഞ്ചായത്ത് അധികൃതർ പൊലീസ് സഹായത്തോടെ അടപ്പിച്ചു. പുഴയോട് ചേർന്ന് പ്രവർത്തിക്കുന്ന നിരാമയ സംരോഹ റിസോർട്ടാണ് മാലിന്യ പ്രശ്‌നത്തെ തുടർന്ന് അടപ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം ഉടമകൾക്ക് നിരവധി തവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവർ അത് വകവച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിലും ശക്തമായ മഴയുള്ളപ്പോഴുമാണ് ഇവർ മാലിന്യം തള്ളിയിരുന്നതെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇതു തുടരുകയായിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു. ഇതിന്റെ ദുർഗന്ധം നിമിത്തം പരിസരത്തെ അഞ്ച് കുടുംബങ്ങൾ നട്ടം തിരിയുകയായിരുന്നു. മാലിന്യം പുഴയിലേക്കൊഴുക്കുന്നത് നിറുത്തിവച്ച് അനുബന്ധ സംവിധാനങ്ങൾ ഒരുക്കിയശേഷം മാത്രമെ റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് പറഞ്ഞു.