 
കയ്പമംഗലം: പ്ലസ് ടു പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറ് ശതമാനം വിജയം സ്വന്തമാക്കി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 309 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. എയ്ഡഡ് വിഭാഗത്തിൽ ഇരുപത്തിയാറും, അൺ എയ്ഡഡ് വിഭാഗത്തിൽ ഇരുപത്തിയെട്ട് പേരും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി. സ്‌കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്ന വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. മാനേജർ ഡോ. കെ.കെ. മോഹൻദാസ്, വാർഡ് മെമ്പർ ഷൈലജ രവീന്ദ്രൻ, എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ വി.ബി. സജിത്ത്, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ കോലാന്ത്ര, പ്രധാനദ്ധ്യാപകൻ ടി.വി. സജീവ്, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, എൽ.പി വിഭാഗം പ്രധാനദ്ധ്യാപിക അർച്ചന, അഡ്മിനിസ്‌ട്രേറ്റർ കെ.എം. അനിൽ, അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ എം.എസ്. വിനോഷ് എന്നിവർ പങ്കെടുത്തു.