തൃശൂർ: മാടക്കത്തറ പഞ്ചായത്തിന്റെ സേവനങ്ങൾ ഇനി മുതൽ ഗ്രാമസേവന കേന്ദ്രങ്ങൾ വഴി. പഞ്ചായത്തിന്റെ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഗ്രാമസേവന കേന്ദ്രമാണ് മാടക്കത്തറ പഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. സഹകരണ മന്ത്രി വി.എൻ വാസവൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് 54535 പേരെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.എസ്. ഉമാദേവി, സുമനി കൈലാസ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. സുരേഷ്ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാവിത്രി രാമചന്ദ്രൻ, വാർഡ് മെമ്പർമാരായ ജെയ്മി ജോർജ്ജ്, എം.എസ്. ഷിനോജ്, ജിൻസി ഷാജി, സി.ഡി.എസ് ചെയർപേഴ്‌സൺ സതി അജയൻ തുടങ്ങിയവർ പങ്കെടുത്തു.
അവശ്യ സേവനങ്ങൾ ലഭ്യമാകും
പഞ്ചായത്തും കുടുംബശ്രീ അംഗങ്ങളും സംയുക്തമായാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന അത്യാവശ്യ സേവനങ്ങളായ കെട്ടിട നികുതി അടയ്ക്കൽ, ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ, ദുരിതാശ്വാസ നിധി, തൊഴിൽ രഹിത വേതനം മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ വരെ ഇവിടെ ലഭിക്കും. കട്ടിലപൂവ്വം ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം സൗജന്യമായി അനുവദിച്ച മുറിയിലാണ് ആദ്യ ഗ്രാമസേവന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. മാടക്കത്തറ പഞ്ചായത്തിലെ 2021-22 വർഷത്തെ ബഡ്ജറ്റിൽ മുൻഗണന നൽകിയ പദ്ധതിയാണിത്. മലയോര മേഖലയിലെ ജനങ്ങൾക്ക് ഗ്രാമസേവനങ്ങൾ ജനങ്ങളിലേക്ക് തടസമില്ലാതെ എത്തിക്കുന്നതിനാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.